ഹെയർ ഡൈ അലർജി ഒഴിവാക്കാം- Hair Dye

ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പണ്ട് മുടികൾ നരയ്ക്കുന്നത് വാർദ്ധക്യത്തിന്റെ ലക്ഷണമായിരുന്നു. എന്നാൽ, ഇപ്പോൾ മാറിയ ജീവിത സാഹചര്യങ്ങൾ മൂലം അകാലനര ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. യൗവ്വനത്തിൽത്തന്നെ മുടി നരയ്ക്കുന്നത് സൗന്ദര്യപ്രശ്നം എന്നതിലുപരി ഒരു മാനസികപ്രശ്നം കൂടിയാണ്. മുടി കറുപ്പിക്കുകയാണ് ഇതിനുള്ള ഏക പരിഹാരം. എന്നാൽ, വിപണിയിൽ ലഭിക്കുന്ന ഏതെങ്കിലും ഡൈ വാങ്ങി പുരട്ടിയാൽ അലർജി പോലെയുള്ള പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.  ഡൈ തിരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ശ്രദ്ധയോടെ ഉപയോഗിച്ചാൽ ഡൈ സുരക്ഷിതമാണ്. അലർജിയുണ്ടായാൽ... ഹെയർ ഡൈ ചിലരിൽ അലർജിയുണ്ടാക്കും. ഹെയർ ഡൈകളിലുള്ള രാസവസ്തുക്കളായ അമോണിയയും പാരഫൈനൈലിൻഡയാമിനുമാണ്( പി പി ഡി ) ഏറ്റവും കൂടുതൽ അലർജിക്ക് കാരണമാകുന്നത്. എല്ലാ ഹെയർ
ഡൈകളിലും പി പി ഡി ഉണ്ട്. മുടികൾക്ക് കറുപ്പ് നിറം നൽകുന്ന ഘടകമാണ് പി പി ഡി. ഹെർബൽ ഡൈ എന്ന് അവകാശപ്പെടുന്നവയിലും പി പി ഡി ഉണ്ട്.
ഹെയർ ഡൈ ഉപയോഗിക്കുന്നവരിൽ ഏറ്റവും കൂടുതൽ അലർജിയുണ്ടാക്കുന്നത് പി പി ഡി ആണ്. ചിലരിൽ അമോണിയയും അലർജിയുണ്ടാക്കും. പി പി ഡി ഇല്ലെങ്കിൽ മുടികൾക്ക് കറുപ്പ് നിറം കിട്ടില്ല. പി പി ഡിയും അമോണിയയും ഇല്ലാത്ത ഹെയർ ഡൈകളും വിപണിയിൽ ലഭ്യമാണ്.
ഇവ അലർജിയുണ്ടാക്കാനുള്ള സാധ്യതയും കുറവാണ്. ഇത്തരം ഹെയർ ഡൈകൾ ഉപയോഗിച്ചാൽ നല്ല കറുപ്പു നിറം മുടികൾക്ക് ലഭിക്കില്ല; റെഡിഷ് ബ്രൗൺ, ബ്രൗണിഷ് ബ്ളാക്ക് തുടങ്ങിയ നിറമേ ലഭിക്കുകയുള്ളൂ. ഈ നിറങ്ങൾ എല്ലാവർക്കും അനുയോജ്യമാവില്ല.
പി പി ഡി ഉള്ള ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് മീശയിൽ ഡൈ പുരട്ടുമ്പോഴാണ്. പി പി ഡി ഉള്ള ഹെയർ ഡൈ അലർജി ഉണ്ടാക്കുമെങ്കിലും ഡൈ ഉപയോഗിക്കാതിരിക്കാൻ കഴിയില്ലെങ്കിൽ ഇതിനോടൊപ്പം ഗുളികയും ക്രീമും  ഉപയോഗിച്ചാൽ മതി.  ഡൈ ചെയ്യുന്ന ദിവസം തന്നെ ഇവ ഉപയോഗിക്കണം. ഹെയർ ഡൈ ഉപയോഗിക്കുമ്പോഴെല്ലാം ഗുളികയും കഴിക്കണം.
ഉപയോഗിക്കേണ്ടതെങ്ങനെ?
വിപണിയിൽ ലഭ്യമായ ഡൈകളിൽ നിന്നും അനുയോജ്യമായതും അലർജിയുണ്ടാക്കാത്തതുമായ ഒരെണ്ണം തിരഞ്ഞെടുത്ത് തുടർച്ചയായി ഉപയോഗിക്കുന്നതാണ് നല്ലത്.
ശരിയായി ഉപയോഗിച്ചില്ലെങ്കിൽ ഹെയർ ഡൈ ദോഷമുണ്ടാക്കും. അതിനാൽ, ഡൈ പുരട്ടുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ചർമ്മത്തോട് കൂടുതൽ സമ്പർക്കം വരാതെയാണ് ഡൈ പുരട്ടേണ്ടത്. അലർജിയുണ്ടെങ്കിൽ ആദ്യം ചൊറിച്ചിലുണ്ടാകും.  ഡൈ പുരട്ടിയ ദിവസം തന്നെ ചൊറിച്ചിലുണ്ടാവണമെന്നില്ല. രണ്ടു ദിവസം കഴിഞ്ഞിട്ടായിരിക്കും അലർജിയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. രണ്ടാംഘട്ടത്തിൽ ചെറിയ ചെറിയ കുമിളകളുണ്ടായി, അവ പൊട്ടി നീരും വെള്ളവും ഒലിക്കും.
ഈ അവസ്ഥയിലെത്തിയാൽ ഉടൻ തന്നെ ചികിത്സതേടേണ്ടതാണ്.
ആഴ്ച തോറും ഡൈ പുരട്ടുന്നവരുണ്ട്. അതിന്റെ ആവശ്യമില്ല. ഡൈ ചെയ്ത് കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ മുടിയിഴകൾക്കു ചുവട്ടിൽ വെളുപ്പ് പ്രത്യ ക്ഷപ്പെടും. അപ്പോൾ വീണ്ടും ഡൈ പുരട്ടിയാൽ മതി. രണ്ടാഴ്ചയിൽ ഒരിക്കൽ ഡൈ ഉപയോഗിക്കാം. ഡെ പുരട്ടുന്നതിന്റെ ഇടവേളകൾ കൂട്ടാൻ ശ്രമിക്കണം.
മുഖം കറുക്കും
ഹെയർ ഡൈ ഉപയോഗിക്കുന്നവരിൽ നെറ്റിയിലും കഴുത്തിലും മുഖത്തും ചെറിയ കറുപ്പു നിറം പ്രത്യക്ഷപ്പെട്ടേക്കാം.
ദീർഘകാലം ഉപയോഗിക്കുമ്പോൾ കറുപ്പു നിറം വർദ്ധിക്കാനും സാധ്യതയുണ്ട്. ഇങ്ങനെയുണ്ടായാൽ ഉപയോഗം നിറുത്തി അലർജിയുണ്ടാക്കാത്ത ഡൈ ഉപയോഗിക്കണം. എന്നിട്ടും കറുപ്പ് നിറം മാറുന്നില്ലെങ്കിൽ ഡൈ ഉപയോഗിക്കുന്നത് പൂർണ്ണമായി നിറുത്തി ചികിത്സ തേടണം.
മുറിവും താരനും ഉണ്ടെങ്കിൽ
 തലയിൽ മുറിവോ, താരനോ ഉണ്ടെങ്കിൽ ഡൈ പാടില്ല. ഇവ ചികിത്സിച്ച് ഭേദമാക്കിയതിനുശേഷം ഡൈ ചെയ്യാം. ഇല്ലെങ്കിൽ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. നല്ല നിലവാരമുള്ള  ഡൈ തിരഞ്ഞെടുക്കണം. ബ്യൂട്ടി പാർലറിൽ പോയി ഡൈ ചെയ്യുമ്പോൾ നല്ല ഡൈ ഉപയോഗിക്കാൻ നിർദ്ദേശിക്കണം. ബ്യൂട്ടി പാർലറിൽ നല്ല ഫലം ലഭിക്കാൻ കൂടുതൽ ഡൈ പുരട്ടും. മികച്ച ഡൈ അല്ലെങ്കിൽ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കും.
പരിശോധിച്ചറിയാം -
പുതിയ ബ്രാൻഡിലുള്ള ഡൈ ആദ്യം ഉപയോഗിക്കുമ്പോൾ പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പു വരുത്തിയതിനുശേഷം തുടർച്ചയായി ഉപയോഗിക്കുന്നതായിരിക്കും ഉചിതം. ഇതിനായി കഴുത്തിന് പിറകിൽ മുടിയുള്ള ഭാഗത്ത് ഒരു ചെറിയ നാണയത്തിന്റെ വലുപ്പത്തിൽ
 ഡൈ പുരട്ടണം. - മൂന്നു നാല് ദിവസം കഴിഞ്ഞാൽ മാത്രമേ പാർശ്വഫലങ്ങളുണ്ടോയെന്ന് അറിയാൻ കഴിയൂ. അതിനുശേഷം കുഴപ്പമൊന്നുമില്ലെന്ന് മനസ്സിലാക്കിയതിനുശേഷം തുടർന്ന് ഉപയോഗിക്കാം.  ഡൈ പുരട്ടി എത്ര സമയത്തിനുശേഷം കഴുകിക്കളയണം എന്നതിനെക്കുറിച്ച് ഡെയിൽ നിർദ്ദേശം നൽകിയിട്ടുണ്ടാവും. അതിൽ കൂടുതൽ സമയം ഡൈ പുരട്ടി നിൽക്കരുത്.

No comments:

Post a Comment

Pages